മൂവാറ്റുപുഴ: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെഹ്റു പാര്‍ക്കില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.
പോലീസ്, ഫയര്‍ഫോഴ്സ്, എസ്പിസി, എന്‍എസ്എസ് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. തുടര്‍ന്ന് നെഹ്റു പാര്‍ക്കില്‍ നിന്നും നഗരം ചുറ്റി സ്വാതന്ത്ര്യ ദിനാഘോഷ റാലിയും നടത്തി. വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, നാട്ടുകാരും, നഗരസഭാ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ളവരും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളായി.
നിര്‍മല സ്കൂളില്‍ സമാപിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിൽ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ റെജി ജോൺ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഇലഞ്ഞി വിസാറ്റ് എൻജിനീയറിംഗ് കോളജിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരേഡിൽ ചെയർപേഴ്സൺ റെജി ജോൺ സല്യൂട്ട് സ്വീകരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ, മായ വിശ്വനാഥ്, ബിജു ജോൺ, ടി.എസ്. സാറ, സണ്ണി കുര്യാക്കോസ്, വാർഡ് കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂത്താട്ടുകുളം: ഗവ. യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് ടി.വി. മായ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഭാരതാംബയുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും വേഷങ്ങൾ ധരിച്ച് അണിനിരന്നത് ചടങ്ങിന് മാറ്റുകൂട്ടി.
പോത്താനിക്കാട്: കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ്‍ ദേശീയ പതാക ഉയര്‍ത്തി.
കോതമംഗലം: കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎൽഎ കോതമംഗലം ടൗണിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.
നേര്യമംഗലം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേര്യമംഗലം ടൗണിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ജൈമോൻ ജോസ് അധ്യക്ഷതവഹിച്ചു.
പുതുപ്പാടി: യൽദോ മാർ ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രദിനാഘോഷത്തിൽ പ്രിൻസിപ്പൽ ഡോ. സോളമൻ കെ. പീറ്റർ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം പി.എൻ ബേസിൽ, അലീന എം. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാഴക്കുളം ടൗണിൽ സ്വാതന്ത്ര്യദിന റാലിയും നടത്തി.
കുട്ടമ്പുഴ: യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷത്തോടനു ബന്ധിച്ച് ശാന്തിവനം ശ്മശാനം ശുചീകരിച്ചു. ക്ലബ് പ്രസിഡന്റ് കെ.എ. സിബി അധ്യക്ഷത വഹിച്ച് പതാക ഉയർത്തി. വാർഡ് മെമ്പർ അരുണിമ വിനീഷ് ഉദ്ഘാടനം ചെയ്തു.
കോതമംഗലം: കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ സ്വാതന്ത്ര്യദിനാഘോഷത്തോടപ്പം ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സ്കൂൾ പരിസരം, പൊതുവഴികൾ, സൈൻ ബോർഡുകൾ എന്നിവ വിദ്യാർഥികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ബോധവൽക്കരണ റാലിയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, വി.എസ്. ആൻസി, സ്കൗട്ട് മാസ്റ്റർ ടോണി തോമസ്, ഗൈഡ് ക്യാപ്റ്റൻ ടിജി പോൾ, അധ്യാപകൻ ജിജോ ഇട്ടിയവിര തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം: കോതമംഗലം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ ഷിബു തെക്കുംപുറം ദേശീയപതാക ഉയർത്തി. മിനി സിവിൽ സ്റ്റേഷനിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. തഹസിൽദാർ കെ.എസ്. സതീശൻ, ആർടിഒ എൻ.കെ. ദീപു തുടങ്ങിയവർ പങ്കെടുത്തു.
പിറവം: കേരളാ കോൺഗ്രസ് എം പിറവം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സാജു ചേന്നാട്ട് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു കെ. ജേക്കബ് ദേശീയ പതാക ഉയർത്തിയ ശേഷം പരിപാടി ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ് അധ്യക്ഷത വഹിച്ചു. മീങ്കുന്നത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഷാജി പുളിക്കത്തടം, പെരുമ്പല്ലൂര്‍ പിഒ ജംഗ്ഷനിലെ സ്വാതന്ത്ര്യദിനാഘോഷം ബൂത്ത് പ്രസിഡന്റ് സേവിയര്‍ നെല്ലിക്കല്‍, പെരിങ്ങഴ നെല്ലൂര്‍ കവലയില്‍ ബൂത്ത് പ്രസിഡന്റ് ജോയി കുന്നപ്പിള്ളി, പെരിങ്ങഴ പള്ളിക്കവയില് ബൂത്ത് പ്രസിഡന്റ് അനന്തു കലേഷ് എന്നിവർ ദേശീയപാതക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മൂവാറ്റുപുഴ: നിര്‍മല മെഡിക്കല്‍ സെന്ററില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ് ദേശീയപതാക ഉയര്‍ത്തി. ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ തെരേസ, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൂസി ക്ലെയര്‍, ആശുപത്രി ജനറല്‍ മാനേജര്‍ പാട്രിക് കല്ലട, ആശുപത്രി ജീവനക്കാര്‍, നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് സി.കെ. ആരിഫ് ദേശീയ പതാക ഉയര്‍ത്തി. താലൂക്കിലെ എല്ലാ ജുഡീഷ്യല്‍ ഓഫീസര്മാക്കൊപ്പം സല്യൂട്ട് സ്വീകരിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി എംഎസിടി കെ.എന്‍. ഹരികുമാര്‍ പ്രത്യേക സന്ദേശം നല്കി. അഡീഷണല്‍ ഗവ. പ്ലീഡര്‍ ജ്യോതികുമാര്‍, എംഎസിടിയുടെ ശിരസ്തദാര്‍ ജിമ്മി ജോസ്, ക്ലാര്‍ക്ക്സ് അസോസിയേഷന് പ്രസിഡന്റ് റെജി പ്ലാച്ചേരി എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്, കോടതി സ്റ്റാഫ്സ്, ക്ലാര്‍ക്ക്സ് അസോസിയേഷന് എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍സിസി കേഡറ്റുകള്‍ ബാൻഡ് സെറ്റ് ഡിസ്പ്ലേ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.